പതിവില്ലാതെ ചെടികളുടെയും പൂക്കളുടെയും ഇടയിലൂടെ നടക്കുമ്പോൾ ആരോ എന്നെ വിളിക്കുന്ന പോലെ തോന്നിയോ ? ..
തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കണ്ടില്ല ..
തോന്നലാവുമെന്നു കരുതി വീണ്ടും നടക്കാൻ തുടങ്ങിയ എന്നോട് ചുറ്റുമുള്ള പൂക്കൾ ചോദിച്ചു
"നീ ഏന്താ ഞങ്ങളെയൊന്നും നോക്കാത്തത് ...
ഞങ്ങൾക്കെന്താ സൗന്ദര്യം കുറഞ്ഞു പോയോ ?
അതോ ഞങ്ങൾക്ക് നീ ആഗ്രഹിക്കുന്ന വലിപ്പവും നിറവും ശോഭയുമില്ലേ ..
നിന്റെ കണ്ണുകളിൽ പണ്ട് ഞങ്ങളെ കാണുമ്പോൾ ഉണ്ടായിരുന്ന ആശ്ചര്യവും സന്തോഷവും എന്തേ ഇപ്പോൾ കാണാത്തത് ..
ഞങ്ങളോടെന്താ ഒരു സ്നേഹവുമില്ലാത്തത് ? "
ഒരു നിമിഷം സ്തബ്ധനായി പോയ എന്നോട് പൂക്കൾ പറഞ്ഞു ..
" നീ വിഷമിക്കാൻ പറഞ്ഞതല്ല
നീ തന്ന വെള്ളവും വളവുമാണ് ചെടി ഇത്തരത്തിൽ വിരിഞ്ഞു നില്ക്കാൻ ഞങ്ങളെ സഹായിച്ചത് ..
നിന്റെ വിരലുകളാണ് ചെടിയുടെ ശിഖരങ്ങൾ വെടിപ്പാക്കി കെട്ടിനിറുത്തി
പാകതയോടെ നിറയെ എന്റെ മൊട്ടുകളെ വളരാൻ സഹായിച്ചത്
എന്നിട്ടും ...
നിറയെ പൂക്കൾവിരിഞ്ഞു നിൽക്കുമ്പോൾ
എന്താ നീ ഞങ്ങളെ ഒന്നു നോക്കാത്തത് ..
ഒന്നു താലോലിക്കാത്തത് ..?
നിന്റെ വിരലുകൾ എന്താ ഞങ്ങളെ ഒന്നു തൊട്ടു തലോടാത്തത് ..?
എന്തേ ഞങ്ങളെയൊന്നു വാസനിക്കാത്തത് ..?
നീ കുട്ടിയായിരിക്കുമ്പോൾ ഞങ്ങളെ ചേർത്ത് പിടിച്ചു വാസനിക്കാറുണ്ടായിരുന്നു ..
അമ്മേ ഈ പൂക്കൾക്കെന്തു ഭംഗിയെന്നും പറഞ്ഞു നീ ഇവിടെ ഓടി നടക്കാറുണ്ടായിരുന്നു .. ഇങ്ങനെയൊക്കെയുള്ള അനേകം കഥകൾ പറഞ്ഞു തന്നിട്ടാണ് അനേകം പൂവുകൾ ഞങ്ങൾക്ക് മുമ്പേ കൊഴിഞ്ഞു പോയത്..
കൊഴിഞ്ഞു പോകുമ്പോൾ ഞങ്ങളെ കായ് കളായി മാറ്റാൻ ഈശ്വരനോട് പ്രാർത്ഥിക്കണേ എന്ന് പറഞ്ഞാണ് ആ പൂക്കൾ കൊഴിഞ്ഞു വീണത്
അതിന്റെ നിർവൃതിയിലാണ് അവർ പിന്നെ കായ് കളായി വീണു മുളച്ചു വീണ്ടും ജനിച്ചു പൂവിടാൻ കൊതിച്ചത് ..
അതേ ..നിന്നെ കാണാനാണ് .. നിനക്കുവേണ്ടി പുഷ്പിക്കാനാണ് അവർ മോഹിച്ചത് ...
ആ കഥകൾ ആണ് ഞങ്ങളെ പൂക്കളായി വിരിയാൻ പ്രേരിപ്പിച്ചത് ..
പക്ഷെ ...
ഇയ്യിടെയായി നീ ഞങ്ങളുടെ അടുത്തേക്ക് വാരാറുമില്ല , എന്തിനു പറയുന്നു നോക്കുക പോലുമില്ല ..
എന്തേ ഞങ്ങളെ സ്നഹിക്കാൻ തോന്നുന്നില്ലേ ?..
ഞങ്ങളെന്താ അന്യരായിപ്പോയോ ? പൂക്കൾ ഒരു നിമിഷം വിതുമ്പിയോ ?
എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല .. എന്തോ കുറ്റം ചെയ്ത കുട്ടിയെ പ്പോലെ ഞാൻ പരുങ്ങി നിന്നു.
അപ്പോൾ പൂക്കൾ ചോദിച്ചു ..
"നിനക്കറിയുമോ ചെടി എപ്പോഴും സൂര്യന്റെ വെളിച്ചമുള്ളയിടത്തേക്കാണ് ശിഖരങ്ങളെ വളർത്തിക്കൊണ്ടു പോകുന്നത് അതുകൊണ്ടു ഞങ്ങൾക്ക് അവിടെ നിന്ന് പുഷ്പ്പിക്കാനേ അറിയൂ ..
പക്ഷെ ..ഇടറിയ സ്വരത്തിൽ പൂക്കൾ തുടർന്നു ..
ഞങ്ങളെ ഒന്നു തൊടാൻ ..
സ്‌നേഹിക്കാൻ ..
തലോടാൻ ..
നിനക്ക് മാത്രമേ കഴിയൂ സൂര്യന് കഴിയില്ല..
കാറ്റിനു ഞങ്ങളെ ഇക്കിളിയിട്ടു ചിരിപ്പിക്കാനും ആടിക്കളിപ്പിക്കാനും പറ്റും
പക്ഷെ ദേഷ്യം വന്നാൽ ഞങ്ങളെ തകർത്തുകളയാനും പറ്റും ..
പക്ഷെ നിനക്ക് മാത്രമേ ഞങ്ങളെ സ്നേഹിക്കാൻ കഴിയൂ "
അത് പറയുമ്പോൾ പൂക്കളുടെ ശബ്ദം വളരെ വിഷാദം കലർന്ന് നേർത്തിരുന്നു ..
ഒരു തേങ്ങൽ എവിടെയോ കേട്ടുവെന്നു തോന്നി ..
സങ്കടം കൊണ്ടു ഇതളുകൾ ശക്തിയില്ലാതെ കുഴയുന്നതും കൂമ്പി നിൽക്കുന്നതും കണ്ടപ്പോൾ എന്റെ ഹൃദയം നിന്ന് പോയ പോലെയായിപ്പോയി ..
എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല ..
പണ്ടത്തെ കുട്ടിയായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതേ ആശിച്ചു ..
എന്റെ മുഖഭാവത്തിൽ നിന്ന് അത് മനസ്സിലാക്കാക്കിയെന്നവണ്ണം പൂക്കൾ വാത്സല്യത്തോടെ തലയാട്ടി വിളിച്ചുകൊണ്ടു എന്നോട് പറഞ്ഞൂ
"നീ ഇങ്ങട്ട് അടുത്ത് വാ ..
ഞാൻ പതിയെ അടുത്തേക്ക് ചെന്നപ്പോൾ ഇതളുകൾ തലയുയർത്തി നോക്കി അവിശ്വസനീയമായ എന്തോ കണ്ടെന്ന രീതിയിൽ പുഞ്ചിരിച്ചു ..
ഇപ്പോൾ പൂക്കൾ കൂടുതൽ സുന്ദരിയായ പോലെ എനിക്ക് തോന്നി ...
ചിരിച്ചു കൊണ്ടു പൂക്കളെല്ലാം എന്നോട് പറഞ്ഞു ...
ഇനി ഞങ്ങളെ ഒന്നു തൊട്ട് നോക്കിക്കേ ..
എന്റെ വിരലുകൾ പൂവിതളുകളിൽ തൊട്ടപ്പോൾ അവാച്യമായ ഒരു കുളിർമ എന്നെ വിരലുകളിലേക്കു പടർന്നു കയറി എന്നെ ആകമാനം കോൾമയിർ കൊള്ളിച്ചു ..
ഇതളുകളുടെ മാർദവം എന്റെ ശരീരം ആകമാനം അനുഭവിച്ചപോലെ ..
അറിയാതെ ഞാൻ ഒരു കൊച്ചു കുട്ടിയായ പോലെ ..
അതുകണ്ട പൂക്കളെല്ലാം ഇളകിച്ചിരിച്ചുകൊണ്ടു ഇനി എന്നെയും തൊട്ടു നോക്കിക്കേ .. എന്നെയും എന്നെയും ... എന്ന് പറഞ്ഞു ആർത്തു വിളിച്ചു ..
പൂക്കൾ എല്ലാവരും അതാസ്വദിച്ചെന്നവണ്ണം എന്നോട് പറഞ്ഞു
"ഇപ്പോൾ ഞങ്ങൾക്കു എന്ത് ഞങ്ങൾക്ക് സന്തോഷമായെന്നു നിനക്കറിയുമോ ?
ഇനിയെന്നും ഞങ്ങൾ നിനക്ക് വേണ്ടി പുഷ്പ്പിക്കാം ..
നിന്നെ കൊതിപ്പിക്കുന്ന ഗന്ധം നൽകി ആശ്ച്ചര്യപ്പെടുത്താം കേട്ടൊ .."
വല്ലാത്തൊരു സന്തോഷം എന്റെ ഹൃദയത്തിലേക്ക് പടർന്നു കയറിയതറിയുമ്പോൾ എന്നെ തന്നെ മറന്നു എന്റെ ചുണ്ടുകളിൽ ഒരു മൂളിപ്പാട്ട് കടന്നു വന്നതും എന്റെ വിരൽത്തുമ്പുകൾ കൂടെക്കൂടെ പൂക്കളെ തലോടുന്നതാസ്വദിച്ചു പൂക്കൾ ഹൃദയം നിറഞ്ഞു എന്നെ നോക്കി ചിരിച്ചു കൂടുതൽ വിരിഞ്ഞു നിന്നു ...
ആ പഴയ ഗാഢബന്ധം തിരിച്ചു കിട്ടിയ നിർവൃതിയോടെ ..
തിരിച്ചു നടക്കുമ്പോൾ ഒന്നു കൂടെ തിരിഞ്ഞു നോക്കി ..
അമ്പടാ കള്ളാ ..നീ ഞങ്ങളെ വീണ്ടും നോക്കുമെന്നറിയാമെന്ന മട്ടിൽ പൂക്കൾ തമ്മിൽ കുശുകുശുത്തും കൊണ്ട് അവിടെ തലയാട്ടി കുണുങ്ങി ചിരിച്ചു കൊണ്ടു നിന്നിരുന്നു ..
ഇനിയും പ്രതീക്ഷിക്കാനായി എത്രയോ ജന്മങ്ങൾ ബാക്കിയെന്നമട്ടിൽ 
--