Friday, January 4, 2008

മഞ്ഞുവീണു നനഞ്ഞ ഓര്‍മകള്‍


അക്ഷരങ്ങള്‍ കിടന്ന് തല്ല്‌ കൂടാന്‍ തുടങ്ങിയപ്പോള്‍ ഇനി ഇതു സഹിക്കാന്‍ കഴിയില്ലെന്നറിഞ്ഞു, ഗത്യന്തരമില്ലാതെ അഴയില്‍ കിടന്ന എഴുത്തുകാരന്റെ ആ പഴയ കുപ്പായം എടുത്തിടാന്‍ അയാള്‍ നിര്‍ബന്ധിതനായി.

ആദ്യം പിടി കിട്ടിയ അക്ഷരങ്ങളെ തന്നെ പെറുക്കി നിരത്തി തുടങ്ങിയപ്പോള്‍ വേഗത്തില്‍ തീര്‍ക്കാമെന്നാണ് കരുതിയത്‌ . പക്ഷേ ചില അക്ഷരങ്ങളുണ്ടോ പറഞ്ഞാല്‍ കേള്‍ക്കുന്നു, അവ കുട്ടികളെപ്പോലെ സ്നേഹിച്ചും തല്ലുകൂടിയും വീണ്ടും മനസ്സില്‍ കിടന്നു പേരുകാന്‍ തുടങ്ങിയപ്പോള്‍ അവ ഒന്നു ചേര്‍ന്നു വാക്കുകളായി സംഘടിച്ചു ആയാളോട്‌ തങ്ങളുടെ പ്രതിഷേധം രേഖപെടുത്താന്‍ തുടങ്ങി.. 
അങ്ങനെ അവയെ പിന്നെയും അടര്‍ത്തി മാറ്റിയും കൂട്ടിച്ചേര്‍ത്തും പതിയെ നിരത്തി വച്ചപ്പോള്‍ ആദ്യത്തെ വരി ഉണ്ടായി. 

പിന്നെ വാക്കുകള്‍ വാക്കുകളെ പ്രസവിക്കാനും അക്ഷരങ്ങള്‍ ഒരുമിച്ചു കൂടി ഞാനും ഞാനും എന്നു ഉറക്കെ വിളിച്ചു കൂവി തുടങ്ങിയപ്പോള്‍ അവയേയും വരികളോട്‌ ചേര്‍ത്തു വച്ചു. അങ്ങനെ വരികളുടെ കൂട്ടത്തെ ഉണ്ടാക്കി.

ഇതു ഒന്നാം ദിവസം. 

താന്‍ ചെയ്ത എല്ലാം നല്ലതെന്ന് കണ്ടു എഴുത്തുകാരന്‍ കട്ടിലില്‍ കയറി കിടന്നു ഉറങ്ങി.

രാവിലെ എഴുന്നേറ്റത്‌ തന്നെ സ്വപ്നത്തില്‍ കണ്ട കാഴ്ചകളും, മുഖങ്ങളും, വര്‍ണ്ണങ്ങളും, മുറിവുകളും,മയില്‍പീലിത്തുണ്ടുകളും മനസ്സില്‍ വീണ് കിടക്കുന്നുവെന്നറിഞ്ഞപ്പോഴാണ് . അവ അവിടെ കിടന്നു തല കുത്തിമറിയുകയും, ഓടി നടക്കുകയുംഒക്കെ ആയപ്പോള്‍ ഏതോ ഒരു ഉള്‍വിഴി എന്നോണം, എഴുത്തുകാരന്‍ തന്റെ ദിവസം ആരംഭിച്ചു. അടുക്കളയില്‍ നിന്നുള്ള ഭാര്യയുടെ വിളികളോ, പാരാതികളോ ഒന്നും അയാളുടെ ശ്രദ്ധയെ മാറ്റാന്‍ കഴിഞ്ഞില്ല. കുട്ടികളുടെ സ്കൂള്‍ബാഗ്‌ ഒരുക്കുന്നതിന്റെ മുറവിളി കേട്ടപ്പോള്‍ സമയത്തെ കുടിച്ചു ബോധം വന്നു.. അയാള്‍ രചനയെ ഇടക്ക് വച്ചു മുറിച്ചു കുളിമൂറിയിലേക്കോടി ,ഓഫ്ഫീസില്‍ പോകാനുള്ള തിരക്കിലെന്നവണ്ണം.

വൈകീട്ട്‌ ഭാര്യയുടെ എത്തുമ്പോഴും ചോദ്യങ്ങളും , എന്തെന്തു കൂത്ത് എന്ന മട്ടിലുള്ള നോട്ടം എല്ലാം അവഗണിച്ചു കുറച്ചു മാത്രം സംസാരിച്ചു അയാള്‍ വീണ്ടും അഴയിലേക്ക് കൈ നീട്ടി, എഴുത്തിന്റെ കുപ്പായം മാറി ..രാവിലെ നിറുത്തിയിടത്ത് നിന്നും തുടങ്ങാനെന്ന വണ്ണം. 

ഇതിനോട് പറഞ്ഞിട്ട്‌  ഒരു  കാര്യമില്ല എന്ന മട്ടില്‍, അകത്തേക്ക്‌ പോകുന്ന ഭാര്യയെ ശ്രദ്ധിക്കാതെ അയാള്‍ മനസ്സിലെ ലാവയെ പേനയിലേക്ക് ഒഴുക്കി...
അവ ഒഴുകിയിറങ്ങി കടലാസുകളില്‍ ചെറിയ പുഴകളും അരുവികളും പിന്നെ തടാകങ്ങളും തീര്‍ത്തു. 

ആവി പറക്കുന്ന ചായ ശബ്ദത്തോടെ മേശയില്‍ വച്ചു തിരിഞ്ഞു നടന്ന ഭാര്യയെ നോക്കാതെ അയാള്‍ രചനയെന്ന പ്രസവ കര്‍മ്മം ഒരു വയറ്റാടിയേക്കാള്‍ ശുഷ്കാന്തിയോടെ തുടര്‍ന്നു. രാത്രിയാവുന്നതും കുട്ടികളുടെ ശബ്ദം ഇല്ലാതാവുന്നതും, പതിയെ ചീവിടുകള്‍ രാത്രിയുടെ യാമങ്ങളില്‍ തിമിര്‍ത്താടുന്നതും അറിയാതെ അയാൾ ചിന്തകളേ മേയിക്കാന്‍ വിട്ടു  വാക്കുകളുടെ ലോകത്തും വികാരങ്ങളുടെ സ്പന്ദനങ്ങളിലും ഹൃദയത്തിന്റെ ഓരോ തുടിപ്പുകളും  അനുഭവിങ്ങനെ പാറി നടന്നു. 

പിന്നെ പതിയെ പതിയെ ലാവയുടെ ഒഴുക്ക് കുറയുന്നതും, തടകത്തിലെ മീനുകള്‍ രസിച്ചു നടക്കുന്നതും ആസ്വദിച്ചു അയാള്‍ പേന താഴെ വച്ചു. ചാഞ്ഞും ചെരിഞ്ഞും നേരെയും ഒക്കെ മാറി മാറി നോക്കി അയാള്‍ എഴുതിയത്‌ ശ്രാദ്ധപൂര്‍വം ഒരിക്കല്‍ കൂടി വായിച്ചു നോക്കി. എല്ലാം നല്ലതെന്ന് കണ്ടു.

ഇതു രണ്ടാം ദിവസം. 

തൃപ്തിയായെന്ന മട്ടില്‍, തോര്‍ത്തെടുത്തു അയാള്‍ കുളിമൂറിയിലേക്ക് നടന്നു. എല്ലാ ക്ഷീണവും മാറ്റാനായി.

അടുത്ത ദിവസങ്ങളില്‍ അയാള്ക്കു തിരക്കായിരുന്നു.മോനെ പിയാനോ ക്ലാസില്‍ കൊണ്ടുപോകാനുംമോളേ ഡാന്‍സ് ക്ലാസ്സില്‍ വിടാനും പിന്നെ അടുത്ത ആഴ്ച യിലേക്കുള്ള ഗ്രൊസറി വാങ്ങാനും , കാര്‍ സര്‍വീസ് ചെയ്യാന്‍ പോയും ഒക്കെ ശനിയാഴ്ചയും കടന്നുപോയി .ഞായരാഴ്ചച പള്ളിയില്‍ പോയി,പിന്നെ മക്കള്ടെ സ്ക്കൂളിലെ ആവശ്യങ്ങളും നടത്തി വീട്ടില് മടങ്ങി എത്തിയപ്പോഴേക്കും അയാള്‍ ശാരീരികമായി മടുത്തിരുന്നു.

പെയ്തി റങ്ങുന്ന ഷവറിന്റെ താഴെ നിന്നപ്പോള്‍ മനസ്സിന്റെ കോണിലെവിടെയോ ഇലഞ്ഞിപ്പൂക്കളുടെ ഗന്ധം നിറഞ്ഞ കുഞ്ഞു ഓര്‍മ്മച്ചെ പ്പിരിയ്ക്കുന്നതയാള്‍ കണ്ടു. എന്തുകൊണ്ടാണ് ഇപ്പോള്‍ ഇലഞ്ഞിപ്പൂക്കളെ ഓര്‍ക്കാന്‍ കാരണം എന്നാലോചിച്ചു നിന്നപ്പോഴേക്കും പതിയെ ഓര്‍മകളുടെ വഴിയിലേക്ക് ഒതുക്ക് കല്ലുകള്‍ ചാടികേറി അയാള്‍ എത്തിയിരുന്നു. വല്ലാത്തോരു ഉല്‍സാഹം അയാളെ അടിമുടി കീഴ്പെടുത്തിയിരുന്നു. കാലുകള്‍ ദ്രതിയില്‍ അയാളെ മുന്‍പോട്ട് നയിച്പോള്‍ താഴെ വീണ് കിടക്കുന്ന എലഞ്ഞിപൂക്കള്‍ ശ്രദ്ധയോടെ വഴനാരിലാക്കുന്ന കുട്ടിയുടെ പഴയ ഉല്‍സാഹ തീമിര്‍പിലായിരുന്നായാല്‍. എല്ലാം പെറുക്കി മാല യാക്കി പിന്നെ വാസനിച്ചു മതി വരാതെ വാഴയിലയില്‍ പൊതിഞ്ഞു നിക്കറിന്റെ പൊക്കെറ്ടില്‍ സൂക്ഷിച്ചു പിന്നെ ഇലഞ്ഞി മരത്തിലേക്ക്നോക്കി , ഇനിയും ഒത്തിരി പൂക്കള്‍ നാളെ വീഴുമോ എന്നോര്‍ത്തു അയാള്‍ പതിയെ അങ്ങനെ നിന്നു. ഇലഞ്ഞി പൂക്കള്‍ അയാളുടെ ചുറ്റും ഇതിനോടകം സരഭ്യത്തിന്റെ വളയം തീര്‍ത്തിരുന്നു। അതിന്റെ സുഗമുള്ള സംതൃപ്തിയില്‍ അയാള്‍ പതിയെ കണ്ണടച്ചുനിന്നു.

വാതിലിലുള്ള തട്ടും, എന്താ പാതിരാത്രിയിലുള്ള കുളി തീര്‍ന്നില്ലേ എന്നു ചോദിക്കുന്ന ഭാര്യയുടെ സ്വരം അയാള്‍ ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞു. എന്താ ഇത്ര നേരം കുളിക്കാന്‍ എന്നു തെല്ലുറക്കെയുള്ള ചോദ്യം കേട്ടില്ലെന്നു നടിച്ചു വേഗം തലയും മേലും തുവര്‍ത്തി അയാള്‍ പുറത്തിറങ്ങി. വല്ലാത്തൊരു ഭാവത്തോടെ നോക്കി നില്‍ക്കുന്ന ഭാര്യയുടെ നേരെ ഒരു ചെറുപുഞ്ചിരി നല്‍കി അയാള്‍ ഊണുമുറിയിലെക്കു നടന്നു. പുറകേ അവളും. കുഞ്ഞുങ്ങളെ ഉറക്കിയത്തിന്റെ വിശേഷങ്ങളും പിറ്റേന്നു ലഞ്ച്‌ ബോക്സ്‌ തയ്യാറാക്കേണ്ട കാര്യങ്ങളും കുട്ടികള്‍ ഈയിടെയായി ശരിയാം വണ്ണം ലഞ്ചു കഴിക്കാറില്ല എന്ന കാര്യങ്ങളും അവര്‍ക്കിപോള്‍ കളിയും കംപ്യൂ ട്ടര്‍ ഗെയിംസും ആണ് കൂടുതല്‍ ശ്രദ്ധ എന്ന കാര്യങ്ങളൊക്കെ പറഞ്ഞു അയാള്‍ക്ക് ഊണ്‌ വിളമ്പുമ്പോള്‍ അയാള്‍ വെറുതെ ഇലഞ്ഞിപൂക്കള്‍ പ്ലേയിറ്റിനു ചുറ്റുംപെറുക്കിവെക്കുകയായിരുന്നു।
പൊടുന്നവേ അയാള്‍ അവളോട്‌ ചോദിച്ചു നിനക്കു എത്രതരം ഇലഞ്ഞി പൂക്കളെപറ്റി അറിയാം ?
വല്ളാതതൊരു ഞെട്ടലോടെ അവള്‍ അയാളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി। അപ്പോള്‍ ഞാന്‍ ഇത്രയും നേരം പറഞ്ഞതുന്നും നിങ്ങള്‍ കേട്ടില്ലേ ?
ജാള്യതയോടെ പ്ലെയിറ്റിലുള്ളതെല്ലാം വാരികഴിച്ചു അയാള്‍ ഒന്നു മിണ്ടാതെ ഭാര്യയുടെ തോളില്‍ ഒന്നമര്‍ത്തി ഞെക്കി പതിയെ ബെഡ്റൂമിലേക്ക് നടന്നു। അതിനിടയില്‍ അയാള്‍ ഇലഞ്ഞിപൂക്കളെ വിട്ടു എഴുതിതീര്‍ത്തതിനെ ഓര്‍ത്തു കംപ്യൂടര് മുറിയില്‍ കയറി എല്ലാം വായിച്ചു തുടങ്ങി। വായിക്കുന്തോറും അയാള്‍ അശ്വാസത്തിന്റെ നിസ്വനങ്ങള്‍ പൊഴിച്ചു। അവസാനം പതിയെ എഴുന്നേറ്റ്‌ ഊരിയിട്ട എഴുത്തുകാരന്റെ കുപ്പായാതെ ഒന്നു തലോടി ബെഡ്റൂമിലേക്ക്നടന്നു। ടിവിയില്‍ പിറ്റേദിവസം ഉണ്ടാകാന്‍ പോകുന്ന മഞ്ഞുവീഴയേപറ്റിയും പിന്നെ ഉണ്ടാകാന്‍ സാധ്യതയുള്ള കാര് ആക്സിഡേന്ടുകളേയും ഒക്കെ ഓര്‍മമപെടുത്തിക്കൊണ്ടിരുന്നു। മുറിയിലെ ചെറുചൂടിന്റെ സുഖം ആസ്വദിക്കുമ്പോഴും പിറ്റേന്നു പതിയെ അടര്‍ന്നു വീഴുന്ന മഞ്ഞുകണങ്ങള്‍ക്കിടയിലൂടെ കാറോടിച്ച്‌ ഓഫ്ഫീസില്‍ പോകുന്നതോര്‍ത്തു ഒന്നു അസ്വസ്ഥനായി. പക്ഷേ മഞ്ഞു വീഴുന്നത് കാണാന്‍ അയാള്‍ക്കെന്നും ഇഷ്ടമായിരുന്നു. ചീറിയടിക്കുന്ന കാറ്റില്ലെങ്കില്‍, മഞ്ഞുകണങ്ങളേ നോക്കിയിരിക്കുമ്പോള്‍ അയാള്‍ക്ക് നാട്ടില്‍ കര്‍ക്കിടകത്തിലെ മഴയുള്ള ദിവസങ്ങളില്‍ മുറിയിലെ ജനാലക്കരികില്‍ നോവെലും വായിച്ചു ചൂടുകാപ്പി മൊത്തികുടിച്ചിരിക്കുന്ന പഴയകാലം ഓര്‍മ വരും. ആ ഓർമ്മകളെ  താലോലിക്കാൻ അയാള്‍ക്കെന്നും ഇഷ്ടമായിരുന്നു.

അങ്ങനെ മഞ്ഞിന്റെ നാട്ടില്‍ കര്‍ക്കിടകത്തിലെ വെള്ളപൊക്കത്തെയും ഓര്‍ത്തു കിടന്നു അയാള്‍ പതിയെ ഉറക്കത്തിലേക്ക്‌ വഴുതി വീണു. വീണ്ടും മനസ്സിലെ വര്‍ണ്ണപ്പൊട്ടുകളെ തേടി എഴുത്തുകാരന്റെ യാത്രയുടെ മൂന്നാം ദിവസത്തിലേക്ക്... 

പുതിയൊരു ഉയർപ്പിനായി !

എല്ലാം ഓര്‍മ്മക്കായി..

കഴിഞ്ഞു പോയ നാളുകളും പൊഴിഞ്ഞു പോയ ഇലകളും, പിന്നെ പെറുക്കി വച്ച മയില്‍പീലിത്തുണ്ടുകളും ഒപ്പം ചേര്‍ത്തു വച്ച കണ്ണുനീര്‍ തുള്ളികളും, കൂടാതെ എവിടെയോ ചിരി ചിരിച്ചു കരഞ്ഞതുമെല്ലാം ...