Thursday, November 11, 2021

അറിവില്ലായ്മയുടെ കാണാപ്പുറങ്ങൾ




ലോകത്തിലുള്ള എല്ലാവരുമായി എളുപ്പത്തിലും വേഗത്തിലും  ഇന്റർനെറ്റ് വഴി ബന്ധപ്പെടുത്താം  എന്ന ആശയത്തിന്റെ ഭാഗമായി രൂപപ്പെട്ട ഇമെയിൽ എന്ന ആശയം എല്ലാവരുടെയും മുനിപിലേക്കു കടന്നുവന്ന 1997 കാലഘട്ടത്തിലെ ദിനങ്ങളിൽ  Email Id ഉള്ള ആളുകൾ തന്നെ വളരെകുറവ്. 

 ബോംബേക്കാരന്‍ സുഹൃ ത്ത്‌ ഭാട്ടിയക്ക്‌  ഈമെയില്‍ അയച്ച്‌...ഇനി മറ്റാർക്കു ഇമെയിൽ അയച്ചു ഒന്ന് ഞെട്ടിക്കാം എന്ന് ചിന്തിച്ചിരിക്കുന്ന സമയം. 

പരിചയക്കാര്‍ ആർക്കെങ്കിലും  ഈമെയില്‍ ഉപയോഗത്തെപ്പറ്റി അറിയാമോ അല്ലെങ്കില്‍ അവര്‍ക്ക് ഈമെയില്‍ അഡ്രെസ്സ് ഉണ്ടാവുമോ എന്ന് ചിന്തിച്ചിരിക്കുന്ന ഏതോ ഒരുദിവസമാണോ, ജോലിയുടെ തിരക്ക് കഴിഞ്ഞു വൈകുന്നേരങ്ങളിൽ താമസിക്കുന്ന മുറിയിലേക്ക് ഓടിച്ചെന്നിട്ട് പ്രത്യേകിച്ച്കാ രണമില്ലാത്തതുകൊണ്ടും, മറ്റു പ്രധാനപ്പെട്ടതൊന്നും ചെയ്യാനില്ലാത്തകൊണ്ടും ബോറടിച്ചു ഓഫീസിൽ വെറുതെയിരുന്ന് ഇമെയിൽ ആരെങ്കിലും ഒരു ഇമെയിൽ അയച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്ന ദിനങ്ങളിലാണോ  എന്നോർമ്മയില്ല, ഒരു  ഒരു ശനിയാഴ്ച്ച ദിവസം അവിചാരിതമായി ഒരു ഇമെയിൽ എന്റെ ഹോട്ട്മെയിൽ ഇൻബോക്സിൽ വന്നു കിടന്നു. 

.ഒരു പരിചയവുമില്ലാത്ത അയച്ച ആളുടെ പേര് കണ്ടപ്പോൾ ഇതേത്  കക്ഷി  എന്നും ചിന്തിച്ചു തുറന്നു നോക്കിയപ്പോൾ ഒരു പരിചയവുമില്ലാത്ത ഏതോ ഒരു Barbi അയച്ചിരിക്കുന്ന ഇമെയിൽ

"നിന്റെ ആരെങ്കിലും ആണോ   Jaison Kuriakose,കാരണം. കുരിയക്കോസ് ലാസ്റ്റ്‌ നെയിംഎന്നു പേരുള്ള Jaison ഞാന്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നു, അങ്ങനെ ഞാൻ ഹോട്ട്മെയിലിലെ അഡ്രസ് സേർച് നടത്തിയപ്പോൾ നിന്റെ പേരും നിന്റെ ലാസ്റ്റ്‌ നെയിമും  ഒക്കെ നോക്കിയപ്പോൾ  നീ  ജെയ്‌സൺ ന്റെ  ആരെങ്കിലും ആയിരിക്കും എന്നെനിക്കു തോന്നി, അതാണ് നിനക്കെഴുതാൻ കാരണം. അറിയാമെങ്കില്‍ഒന്നുപറയാമൊ" എന്നായിരുന്നു ഉള്ളടക്കം ..

ആദ്യം തോന്നിയത്‌ ആരോ കളിയാക്കാന്‍ എഴുതിയതാണെന്നാണ്. 
പക്ഷേ ദുബായില്‍  വന്നിട്ട് അധികം നാളായിട്ടില്ലാത്ത എന്നെ ഇവിടെയുള്ള   ആര്‍ കളിയാക്കാന്‍ ! അതും ഇവിടെ അധികം പരിചയക്കാര്‍ ഇല്ലാത്ത എനിക്ക്‌. നാട്ടിലുള്ളവര്‍ക്കാണെങ്കില്‍ ഈമയിലിനെപ്പറ്റി അറിഞ്ഞുതുടങ്ങിയിട്ടേ ഉള്ളൂ 

വീണ്ടും വായിച്ചു നോക്കിയപ്പോള്‍ മനസ്സിലായി എഴുതിയായ ആള്‍ മറ്റേതോ രാജ്യതത്‌ നിന്നാണെന്ന്. കൂടാതെ അവസാനം Cheers Barbi  എന്നെഴുതിയ രീതി കണ്ടപ്പോൾ  ഉറപ്പിച്ചു ഈ കക്ഷിയെ ഒട്ടും അറിയില്ല. എത്രയോ ആള്‍ക്കാര്‍ കാണും കുര്യക്കൊസെന്ന എന്ന ലാസ്റ്റ്‌ നെയിമും ആയി ഈലോകത്ത്. ഏതായാലും ഇമൈലിനു മറുപടിയയച്ചു ..
" എനിക്കറിയില്ല, ഈപേരുകാര്‍ സാദാരണ ഞങ്ങളുടെ കേരളത്തില്‍ ആണ് കൂടുതല്‍. വേണമെങ്കില്‍ ഞാന്‍ അന്വേഷിയ്ക്കാം
എന്നു കൂടി ചേര്‍ത്തുകൊണ്ട് അവസാനിപ്പിച്ചു. മറുപടി ഒരിയ്കലും പ്രതീക്ഷിച്ചില്ല, പക്ഷേ പിറ്റേ ദിവസം തന്നെ മറുപടി വന്നത് തെല്ല ത്ഭുതപ്പെടുത്തിഎന്ന് വേണം പറയാൻ ..

അതുകൊണ്ട് വീണ്ടും എഴുതാൻ അതൊരു പ്രേരണയായി. സത്യത്തിൽ ബാര്‍ബിയുടെ വാക്കുകളിൽ പ്രകടമായ നഷ്ടബോധമോ അതോ ഈ അന്വേഷിക്കുന്ന ആളെ കണ്ടെത്താനുള്ള അല്ലെങ്കിൽ അന്വേഷിച്ചറിയാനുള്ള ത്വരഎന്നിലേക്ക്‌ പടർന്നു കയറിതോ..അതോ ഇനി സഹായിക്കാനുള്ള മനസ്ഥിതി പതിയെ തലപൊക്കിതുടങ്ങിയതോ എന്താണെന്നോർമ്മയില്ല  ഞാൻ ആളെ കണ്ടുപിടിക്കാൻ വീണ്ടും സഹായിക്കാന്‍ ശ്രമിക്കാം എന്നെഴുതാന്‍ കാരണം. 

പതിയെ പതിയെ പിന്നീടുള്ള ഈമെയിലുകളിൽ വരികൾക്കിടയിലൂടെ ബാർബിയുടെ ചിത്രം രേഖാചിത്രങ്ങള്‍ എന്നപോലെ തെളിഞ്ഞു തെളിഞ്ഞു വന്നു.. പിന്നീട് അവയ്ക്ക് രൂപം പ്രാപിച്ചു പതിയെ വരികള്‍ക്കിടയിലൂടെ ജീവൻ വച്ച് തുടങ്ങി. അവയ്ക്ക് നിറങ്ങളും ഭാവങ്ങളും കടന്നു വന്നു. അങ്ങനെ സുന്ദരമായ ഒരു പ്രേമകഥ ആമ്പല്‍ പൂവ് പോലെ വിടര്‍ന്നു...

ഒടുവിൽ ..ഓരോ വ്യക്തികളും ബന്ധങ്ങളും ഹൃദയത്തിന്റെ ഉള്ളിലെവിടെയോ കുഴിച്ചിട്ട ..മനപ്പൂർവം മറക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ഓരോ നിമിഷങ്ങളും ഈമെയിലുകളിലെ വരികൾക്കിടയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോൾ കഥകളെന്ന് വിചാരിച്ചു തുടങ്ങിയവക്കൊക്കെ വല്ലാത്തൊരു സ്നേഹ ബന്ധത്തിന്റെ ജീവസ്പർശവും കണ്ടു ഒപ്പം അതിന്റെ ആഴങ്ങളും നഷ്ട ബോധങ്ങളും ചെറുപ്പത്തിന്റെ പിടിവാശികളിൽ തുലച്ച ജീവിതത്തിന്റെ നൈരാശ്യം നിറഞ്ഞു നിന്നു 

കാലിഫോർണിയയിലെ മലയാളി കുടുംബത്തിൽ ജനിച്ച ജെയ്സൺ എന്ന അമേരിക്കൻ മിലിട്ടറി ക്കാരൻ ഇറ്റലിയിൽ ഔദ്യോഗിക കാര്യങ്ങൾക്കായി എത്തിയതും അങ്ങനെ ഇറ്റലിയിലെ സിസിലി എന്ന നഗരത്തിലെ ഒരു Pub ൽ  എത്തിപ്പെട്ടതും  അവിടെ ഒരു Break-up കഴിഞ്ഞു വിഷാദിച്ചിരുന്ന ബാർബി യെ കണ്ടുമുട്ടിയതും  ..പിന്നീട് വെറുതെ തമാശക്ക് പരിചയപ്പെട്ടവർ അവസാനം ഹൃദയം കൈമാറുന്ന അവസ്ഥയിലെത്തിയപ്പോൾ ..Jaison ന്റെ മാതാപിതാക്കളെ  കാണാൻ ഇറ്റലിയിൽ നിന്നും അമേരിക്കക്ക് പറന്ന കഥകളും Jaisonന്റെകുടുംബ വിശേഷങ്ങളും ഇറ്റലിയിൽ ഇരുന്നുകൊണ്ട് ഇന്നലെ കഴിഞ്ഞ പോലെ ബാർബി പറയുമ്പോൾ എന്റെ ഹൃദയത്തിലെവിടെയോ ഒരു വല്ലായ്മ രൂപം കൊള്ളാൻ തുടങ്ങിയിരുന്നു ...

Email അയച്ച സമയം പരിശോധിച്ചപ്പോൾ ഇറ്റലിയിൽ വെളുപ്പാൻ കാലം രണ്ടു മണി !! എന്തിനു ഇതെല്ലാം  ഇതുവരെ കണ്ടിട്ടില്ലാത്ത എനിക്ക് ഇങ്ങനെ ഉറങ്ങാതിരുന്നെഴുതുന്നു  എന്ന് ആലോചിച്ചപ്പോൾ എന്തോ പന്തികേട് പോലെ.

ഇമെയിലുകൾ വന്നു കൊണ്ടേയിരുന്നു ... 

വെറും ഈഗോ യുടെ പേരിൽ ഇറ്റലിയിൽ നിന്നും അമേരിക്കയിലേക്ക് മടങ്ങുന്ന American Army Regiment നോടൊപ്പം മടങ്ങിപ്പോരാൻ തുടങ്ങിയ Jaison ബാർബി യോട് കൂടെച്ചെല്ലാൻ ആവശ്യപ്പെട്ടപ്പോൾ നിനക്ക് എന്നെ ആവശ്യമുണ്ടെങ്കിൽ ഇവിടെ നിൽക്കുക എന്ന് പറഞ്ഞു ധാർഷ്ട്യം കാട്ടിയതും, Jaison ഇല്ലെങ്കിൽ Barbi ജീവിക്കാൻ കഴിയില്ല എന്നുപറഞ്ഞ Jaison നോട് എനിക്ക് വേറെ ബോയ്‌ഫ്രണ്ട്‌ നെ കിട്ടും എന്നുപറഞ്ഞു കളിയാക്കി മനസ്സിടിച്ചു പറഞ്ഞു വിട്ടതൊക്കെ പറഞ്ഞു വിശദമായെഴുതുന്ന ബാർബി യുടെ ഇമെയിലുകൾ എന്നെ ഉറക്കം കെടുത്താൻ തുടങ്ങി.

ഒരുതുടർക്കഥ എന്നപോലെ ബാർബി എഴുതിക്കൊണ്ടേയിരുന്നു,

 ഞാനാണെങ്കിൽ സ്വന്തമായി ഇമെയിൽ അക്കൗണ്ട് ഉള്ള  സുഹൃത്തുക്കൾ വിരളമായ ആ കാലത്തു പ്രത്യേകിച്ചും IT ഫീൽഡിൽ അല്ലാത്തവരോട് ഇമെയിൽ എന്താണെന്നു പറഞ്ഞു മനസ്സിലാക്കേണ്ട ഒരു കാലത്തു ..
ഈ ഇമെയിലുകൾ പലപ്പോഴും ഏതോ അന്യ ഗ്രഹത്തിലിരുന്നെഴുതി എനിക്കയച്ചവയെപ്പോലെ എന്നെ തോന്നിപ്പിച്ചുകൊണ്ടേയിരുന്നു ...

അതിനോടൊപ്പം ഇറ്റലിയിലെ ഏതോ കൊച്ചു പട്ടണത്തിൽ ജീവിതം ആടിപ്പാടി തിമിർത്തു ജീവിച്ച ബാർബി യും അവളെ പ്രാണനെപ്പോലെ സ്നേഹിച്ചു പരാജയപ്പെട്ട നഷ്ടബോധത്തിൽ നീറിയ ജയ്സണും എന്റെ മുൻപിൽ നിറഞ്ഞാടാൻ തുടങ്ങിയിരുന്നു. ഒപ്പം ബാർബിയുടെ ജീവൻ നിറഞ്ഞ, ആത്മാവിന്റെ അംശമുള്ള,തും, നഷ്ടബോധം നിറഞ്ഞതുമായ  വരികൾ എന്നെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടേയിരുന്നു 

അറിവില്ലായ്മയിൽ  അല്ലെങ്കിൽ തമാശക്ക് .....  കെട്ടിനിറുത്തിയിരുന്ന ഒരു  ചെറിയ അരുവി വെറുതെ ഒരു തോന്നലിൽ പൊളിച്ചു വിട്ടപ്പോൾ  അതിന്റെ കുത്തൊഴുക്ക് കണ്ട് വിഷണ്ണതയോടെ പരുങ്ങിനിന്ന  ഒരു  കുട്ടിയെപ്പോലെ ഞാൻ വിഷമിച്ചു.

ഒരു ചെറു സൗന്ദര്യ പിണക്കത്തിന്റെ ആലസ്യത്തിൽ ഇരിക്കുന്ന സമയത്തു ഇറ്റലിയിൽ നിന്ന് മടങ്ങാൻ തയ്യാറെടുക്കുന്ന  ജെയ്സൺ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും കാണാൻ കൂട്ടാക്കാതിരുന്നപ്പോൾ  ഒരു ദിവസം അവസാനമായി കാണണം എന്ന് ആവശ്യപ്പെട്ടതു കൊണ്ട് റെയിവേ സ്റ്റേഷനിൽ എത്തി ..

നീ പോയാലും എനിക്കൊരു ചുക്കുമില്ലേടാ എന്ന ഭാവത്തോടെ താൻ നിന്ന കാര്യം വിവരിച്ച ബാർബി .. അവസാനത്തെ കണ്ടുമുട്ടലിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് തന്റെ കൂടെ വാ എന്ന് കരഞ്ഞു  പറഞ്ഞ Jaison നോട് ചിരിച്ചുകൊണ്ട് bye പറഞ്ഞ നിമിഷളെക്കുറിച്ചും വിവരിച്ചിരുന്നു.....അതായിരുന്നു അവസാന കൂടിക്കാഴ്ച ....

ബാർബി യുടെ ഇമെയിലുകൾ പിന്നീട് കുറെ ദിവസത്തേക്ക് കണ്ടില്ല ....

അതിനെക്കുറിച്ചോർക്കാൻ സത്യത്തിൽ എന്റെ മനസ്സനുവദിച്ചില്ല എന്നതാണ് ശരി...കാരണം ഇവ എന്റെ മനസ്സമാധാനം നഷ്ടപ്പെടുത്താൻ തുടങ്ങിയിരുന്നു...

മഴത്തുള്ളികൾ പാറിവീണുകൊണ്ടിരുന്ന ഒരു സന്ധ്യയിൽ ..
വിളക്കു മരങ്ങളിൽ നിന്ന് ചിതറിത്തെറിച്ചു വീണ പ്രകാശത്തിൽ നനഞ്ഞ റോഡിലൂടെ തിരികെ നടക്കുമ്പോൾ ഉള്ളിലെവിടെയോ ആരോ കൊളുത്തിട്ടു മെല്ലെ വലിക്കുന്നപോലെ തോന്നിയിരുന്നത് ബാർബി എഴുതിയത് വായിച്ചപ്പോൾ ആകൊളുത്തിന്റെ മറ്റേയറ്റത്തു  ജെയ്സൺ മടക്കയാത്രയിലെ ട്രെയിനിലെ  ജാലകത്തിനരികിലുന്നു ഒറ്റക്കിരുന്നു വിങ്ങിക്കരയുന്നതും ഞാൻ ബാർബിയുടെ ആ വരികൾക്കിടയിൽ കണ്ടു ...

ബാർബി പറഞ്ഞത് വച്ച് നോക്കിയാൽ ..
സിസിലിയിലെ ആ രാത്രിക്കു പോലും സങ്കടം തോന്നിയിരിക്കണം ...
ആ സന്ധ്യയിൽ അവർ പിരിയുന്നത് കണ്ടു ചന്നം  പിന്നം പെയ്തിരുന്ന മഴക്കുപോലും  ഒന്നാർത്തലച്ചു പെയ്തു കരയാൻ തോന്നിയിരിക്കണം 

രണ്ടു പേരുടെ മടക്കയാത്ര ..അഗാധമായ സ്നേഹത്തിൽ നിന്ന് ...
അല്ല .. സ്നേഹത്തിൽ  നിന്നല്ല വെറുതെ ഒരു പിടിവാശിയുടെ .. ഒന്ന് വിട്ടുകൊണ്ടുക്കാൻ മടിച്ചവരുടെ, സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ വൈകിപ്പോയ രണ്ടു ഹൃദയങ്ങളുടെ എങ്ങുമെത്താത്തിടത്തുംനിന്നുള്ള മടക്കയാത്രയായിരിക്കണം അത്  ...

ദുബായ് ലെ വൈകുന്നേരങ്ങളിൽ ....നടക്കാനിറങ്ങിയ തന്റെ മനസ്സിലേക്ക്...പൊടുന്നനവെ..ഒരു ചോദ്യം ഉയർന്നു വന്നു....ഇപ്പോൾ എന്തിനാണ് ബാർബി Jaison നെ അന്വേഷിക്കുന്നത് ....ഇതെല്ലാം  നടന്നിട്ടു പത്തുവര്ഷങ്ങൾ  എങ്കിലും ആയിട്ടുണ്ടന്നല്ലേ പറഞ്ഞത് ...പിന്നെ എന്തിനിപ്പോൾ ..മനസ്സിലുയർന്ന ആ ചോദ്യം വല്ലാത്തൊരസ്സസ്ഥത എന്നിൽ സൃഷ്ടിച്ചു ...

എങ്ങിനെ ബാർബിയോട് ചോദിക്കും...ചോദിച്ചപ്പോഴൊക്കെ..വെറുതെ അന്വേഷിക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളത് ...പക്ഷെ എന്തിനിപ്പോൾ ?? ...എന്തായിരിക്കും..Jaison ബാർബിയുടെ ഹൃദയത്തിൽ ഇപ്പോഴും ഉണ്ടാവാൻ കാരണം ..Barbi വേറെ കല്യാണവും കഴിച്ചിട്ടില്ല ..ഇപ്പോൾ മമ്മയുടെ റെസ്റ്റോറന്റ് നടത്തുവാണന്നല്ലേ [പറഞ്ഞത് അപ്പോൾ പിന്നെ ?????

ഇനി ഒരു പക്ഷെ......

ഏതായാലും ബാർബിക്കു ഒന്നെഴുതി നോക്കാം.....ഓഫീസിൽ ചെന്നിട്ടു നാളെ ഒരു ഇമെയിൽ അയക്കാം ....

വെറുതെ ഒരു ചോദ്യം ..ഇതുവരെ ചോദിച്ചിട്ടില്ലാത്തത് ചോദിക്കാം.....ബാർബിയുടെ കുട്ടിയുടെ father ന്റെ പേരെന്താണ് ...... എഴുതിക്കഴിഞ്ഞപ്പോഴാണ് മണ്ടത്തരമായോ എന്നൊരു സംശയം ....സാരമില്ല...മറുപടി വരട്ടെ.അപ്പോളറിയാമല്ലോ .....

അടുത്ത ദിവസം മറുപടി വന്നു..... പേര് ജെയ്സൺ 

വെറുതെ തോന്നി  അയച്ചാണെങ്കിലും  ....ആ മറുപടി എന്നെ ഞെട്ടിച്ചു....അപ്പോൾ ?

ബാർബിയുടെ പിന്നീടുള്ള വരികളിൽ.....കണ്ണുനീർ പടർന്നിരിക്കണം  ഇമെയിൽ ആയതുകൊണ്ട് അറിയില്ല 

പക്ഷെ തന്റെ ഈഗോയും അഹങ്കാരവും എന്നെ  Jaison നിൽ നിന്നകറ്റി ....റെയിൽവേ സ്റ്റേഷനിൽ നിന്നും മടങ്ങി വന്ന തൻ..രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് Pregnant ആണെന്നുള്ള കാര്യം അറിയുന്നതെന്നും ആകെ തകർന്നു പോയെന്നും.... തന്റെ അഹങ്കാരം കൊണ്ട് ഓടിച്ചു വിട്ട ജെയ്സൺ ന്റെ   പുറകെ ഈ കാര്യം പറഞ്ഞു ചെന്നാൽ നാണം  കെടുത്തിയെങ്കിലോ  എന്നുകരുതി പോയില്ലെന്നും..പക്ഷെ കുറെ കഴിഞ്ഞപ്പോഴാണ് താൻ ജെയ്സൺ നെ ഒരുപാട് സ്നേഹിച്ചിരുന്നു വന്നു സ്വയം തിരിച്ചറിഞ്ഞതെന്നും പറഞ്ഞു ബാർബിയുടെ നീണ്ട ഇമെയിൽ വായിച്ചു ഞാൻ  അമ്പരന്നിരുന്നു .. 

ഇപ്പോൾ തന്റെ മകൻ ഡാഡിയെ അന്വേഷിക്കുന്നുവെന്നും എനിക്ക് പിടിച്ചു നില്ക്കാൻ കഴിയുന്നില്ല എന്നുള്ള...സങ്കടം വാക്കുകളിൽ ബാർബി പരത്തിയെഴുതിയിരുന്നു ......

നീണ്ട പത്തുവര്ഷങ്ങൾ .. അതിനിടയിൽ ചോർന്നൊലിച്ചുപോയ ഒരു ജീവിതം., പിതാവിനെ അറിയാത്ത ഒരു കുട്ടി യുടെ പിതാവിനെ കാണാൻ കൊതിക്കുന്ന ഒരു കുഞ്ഞു മുഖം ഞാൻ ബാർബിയുടെ വരികൾക്കിടയിൽ കണ്ടു. 

എന്താണെന്ന് പറയേണ്ടതെന്നറിയാത്ത ..എന്നോട് എന്നെങ്കിലും ജെയ്സൺ ന്റെ എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണേ എന്ന് പറഞ്ഞതോർക്കുന്നു....

ഇതിനിടയിൽ മുംബയിലെ സുഹൃത്തിന്റെ കസിൻ ബാംഗ്ലൂരിൽ ഉള്ളതറിയാമായിരുന്നത്കൊണ്ട് , അവൻ വഴി ബാർബി പറഞ്ഞ വിവരങ്ങൾ വച്ച്  ബാംഗ്ലൂർ കോളേജിൽ ജെയ്സൺ ന്റെ സിസ്റ്റർ പഠിച്ചിരുന്ന കാര്യങ്ങൾ അന്വേഷിച്ചത് ഏകദേശം സത്യമാണെന്നു തിരിച്ചറിഞ്ഞപ്പോൾ  ..ദൂരെ ഗൂഗിൾ പ്രചാരമായിത്തുടങ്ങിയിട്ടില്ലാത്ത  കാലത്തു ഭൂകാണ്ഡങ്ങൾക്കപ്പുറതിരിക്കുന്ന ബാർബി ക്കു ബാംഗ്ലൂരിലെ കാര്യങ്ങൾ ഒരിക്കലും അറിയില്ല ..ഉറപ്പ് ..

അപ്പോൾ .. ബാർബി പറഞ്ഞതെല്ലാം സത്യം !!

കുറെ അന്വേഷിച്ചെങ്കിലും ജെയ്‌സണെ കണ്ടുപിടിക്കാൻ പറ്റാത്ത ദുഃഖം ഇപ്പോഴുമെന്റെ മനസ്സിൽ കെട്ടിക്കിടക്കുന്നു ...അതോടൊപ്പം ഇതൊക്കെ അറിഞ്ഞുകഴിഞ്ഞാൽ  ...ജെയ്സൺ നു ഒരു കുടുംബമുണ്ടെങ്കിൽ അവരുടെ അവസ്ഥ എന്താവും എന്നോർത്തപ്പോൾ അന്വേഷണം അവസാനിപ്പിച്ചതും ഒരു സങ്കടമായി ഉള്ളിലെവിടെയോ ......

അങ്ങനെ അതും ജീവിതത്തിന്റെ തിരക്കിൽ മറവിയുടെ ആഴങ്ങളിലേക്ക് മറഞ്ഞു പോയി 

പക്ഷെ ഇതിപ്പോൾ എന്താണിത് ഓർക്കാൻ കാരണം ..അറിയില്ല 
ഓർമ്മകൾ അങ്ങിനെയാണ് ..കാലങ്ങൾക്കു ശേഷം ....ചിലത് ഓർമ്മിപ്പിക്കാനെന്നവണ്ണം ...എത്തിനോക്കികൊണ്ടിരിക്കുന്നു ....വേലിക്കരികിലെ കൊങ്ങിണിപ്പൂക്കളെ പ്പോലെ അവ കൃത്യമായി പൂവിട്ടു കൊണ്ടേയിരിക്കുന്നു  ...ഒപ്പം ബാർബിയുടെയും ജെയ്‌സന്റെ മുഖങ്ങളും  അവർക്കു പരസ്പരം അറിയിക്കാൻ കഴിയാതെപോയ പിതാവിനെ കാണാതെ കഴിഞ്ഞ ഒരു നൊമ്പരപ്പൂവിന്റെ കുഞ്ഞുമുഖവും ഒരു കൊങ്ങിണിപ്പൂവിനെ പ്പോലെ എന്നെ നോക്കി തലയാട്ടി നിന്നു ..





** ഇതിലെ സ്ഥലങ്ങളും പേരുകളും യാഥാർത്ഥമല്ല

എല്ലാം ഓര്‍മ്മക്കായി..

കഴിഞ്ഞു പോയ നാളുകളും പൊഴിഞ്ഞു പോയ ഇലകളും, പിന്നെ പെറുക്കി വച്ച മയില്‍പീലിത്തുണ്ടുകളും ഒപ്പം ചേര്‍ത്തു വച്ച കണ്ണുനീര്‍ തുള്ളികളും, കൂടാതെ എവിടെയോ ചിരി ചിരിച്ചു കരഞ്ഞതുമെല്ലാം ...