Wednesday, November 14, 2007

മരുഭൂമികള്‍ ഉണ്ടാവുന്നത്‌

മരുഭൂമിയിലെ പെരുവഴിയില്‍ പകച്ചു നില്‍കുമ്പോള്‍ സൂര്യന്‍ ചോദിച്ചു , മണ്ടാ നിനക്കു വഴിയും വഴിപോക്കാരെയും ഇതു വരെ അറിഞ്ഞുകൂടെ?

മരുഭൂമിയിലെ രാത്രിയില്‍ വിറച്ചിരുന്നപ്പൊള്‍ കാറ്റേന്നോട്‌ പറഞ്ഞു കണ്ടോ ഇവിടത്തെ മണ്ണിനു എന്നെയും സൂര്യനെയും ഒരുപോലെ സ്നേഹിക്കാനറിയാം. ഒന്നും മിണ്ടാതെ കാറ്റിന്റെ നേരെ നോക്കിയപ്പോള്‍ കണ്ണില്‍ വെള്ളം നിറഞ്ഞു. അപ്പോള്‍ കാറ്റ് പറഞ്ഞു, നീ പോയി കിടന്നു ഉറങ്ങൂ. ഞാന്‍ നിന്റെ ജനാലയിലൂടെ നിന്നെ താരാട്ട് പാടി ഉറക്കാം.

പിറ്റേന്നു മണല്‍ക്കാറ്റ്‌വന്നു കടന്നുപോയപ്പോള്‍ മണ്ണു പറക്കുന്നതും പുതിയ കുഴികള്‍ ഉണ്ടാവുന്നതും കുന്നുകള്‍ യാത്ര ചെയിത്ു വാസ സ്ഥലം മാറ്റുന്നതും കണ്ടു. അപ്പോള്‍ വഴിപോക്കന്‍ പറഞ്ഞു കര്‍ക്കിടകത്തിലെ വെള്ളപൊക്കത്തിനു മണ്ണോലിച്ചു പോയതുപോലെ തന്നെ
ഒരു സംശയോമില്ല.. ഇത്തിരി കൂടി പോയെന്നു മാത്രം.

പക്ഷേ പേടിക്കേണ്ട കേട്ടോ. പാവം മണ്ണിനു ഒന്നും അറിയില്ല, കാറ്റിനും ....

പിറ്റേന്നും മരുഭൂമി പുഞ്ചിരിച്ചു ..അപ്പൂക്കിളിയുടെ ചിരിപോലെ.
നാലുകെട്ടീല്‍ നിന്ന് ഗോവിന്ദന്‍കുട്ടി പിന്നെയും കൊറൊളാ കാറില്‍ കേറി ഓഫ്ഫീസില്‍ പോയി ..
വൈകുന്നേരം കൊത്തിയാന്കല്ലില് പോയി പൊറോട്ടയും ബീഫ് കറിയും കഴിച്ചു..
ഇടക്ക് ചുറ്റും പറന്നു നടന്ന തുമ്പിയെ ഇടത്‌ കൈ കൊണ്ട്‌ ആട്ടി ഓടിച്ചു..

പിന്നെ നടന്നു വന്നു താഴത്തെ *ബകാലായില്‍ നിന്നും പൂവന്‍ പഴവും വാങ്ങി മുറിയിലേക്ക്‌ കയറി പോയി. പോകുന്ന വഴിയില്‍ ഇന്നെങ്കിലും നീര്‍മാതളം പൂത്തിട്ടുണ്ടോ എന്നു ഒരിക്കല്‍ കൂടി ബോക്സില്‍ കയ്യിട്ടു നോക്കി.

മമ്മൂട്ടി മരത്തിനു ചുറ്റി ഓടുന്ന ഭാഗം വന്നപ്പൊള്‍..പതിയെ എഴുന്നേറ്റ്‌ തലേന്നത്തെ *ബകാര്‍ഡീ
കപ്‌ ബോര്‍ഡില്‍ നിന്നും എടുത്തു ഇത്തിരി സെവണപ്പുമ് ചേര്‍ത്തു ഒരു കവിള് കുടിച്ചു.. എന്നിട്ടു ഒരു സിഗരറ്റ് എടുത്തു പുകച്ച്.
പിന്നെ.. പതിവു പോലെ മമ്മൂട്ടി മോഹന്‍ലാല്‍ ആയി സുരേഷ് ഗോപിയായി അങ്ങനെ ബകാര്‍ഡീ കുപ്പി മുഴുവന്‍ കാലിയായി..
എന്നിട്ടു എസി കുറേ കൂടി കൂട്ടിയിട്ടു കമ്പിളിയുടെ അടിയിലേക്ക് കേറി പതിയെ കണ്ണടച്ച്‌ നെല്ലിയാംപതിയുടെ ചുരങ്ങളൂടെ കയറി കാടിന്റെ മര്‍മ്മരം കേള്‍ക്കാന്‍ കൊതിച്ചു ചെവിയോര്‍ത്തു കിടന്നു.

പുറത്ത് അപ്പുറത്ത് മറ്റു മുറികളില്‍ മരുഭൂമികള്‍ ഉണ്ടാവുയും..
വേറെ ചില ഫ്ലാറ്റുകളില്‍ മുന്തിരി വള്ളികള്‍ പൂക്കൂകയും മാതള നാരകം ഉണ്ടാവുയും ചെയിത്ു.

ചിലരില്‍ ബോധോദയം ഉണ്ടാവുകയും അവര്‍ എന്നും മുട്ടു കുത്തി നിന്ന് പ്രാര്‍ഥിച്ചു തുടങ്ങി.
സമാധാനം കിട്ടിയവര്‍ ബാകാര്‍ഡീയൊ, വിസ്കിയോ, ബ്രാന്‍ടിയോ ഇല്ലാതെ തന്നെ കിടന്നുറങ്ങി..
അല്ലാത്തവര്‍ മറ്റു പലതും കഴിച്ചു കിടന്നുറങ്ങി..
ഇതൊന്നും ചെയ്യാത്തവര്‍ ആര്‍ക്കോ വേണ്ടി ഉണ്ടും ഉറങ്ങിയും ഏര്‍പോര്‍ട്‌ ടാക്സും കൊടുത്തു അവിടെ പിന്നെയും ജീവിച്ചു..

ഒടുവില്‍ പലരും പല നാളില്‍ നാട്ടില്‍ പോകുകയും ചെഇതു. എന്നാല്‍ ചിലര്‍ പിന്നെയും അവിടെ കിടന്നു കാലചക്രം തിരിച്ചു കൊണ്ടിരുന്നു. പോയവര്‍ പലരും തിരികെ എത്തുവാന്‍ ശ്രമിക്കുമ്പോള്‍, പോകാന്‍ കഴിയാത്തവര്‍ പോയവരുടെ നല്ലകാലത്തെയും, നാട്ടിലെ പഴയ നല്ല നാളുകളെയും ഓര്‍ത്തു നെടുവീര്‍പ്പിടുകയും ചെയിത്ു.

അങ്ങനെ മരുഭൂമികള്‍ മനസ്സുകളില്‍ പെരുകികൊണ്ടേയിരുന്നു. പുതുതായി പലരും മരുഭൂമികളെ സ്നേഹിക്കാനായി ഒഴുകികൊണ്ടുമിരുന്നു.


*ബകാലാ - അറബി നാടുകളിലെ ഒരു കട
*ബകാര്‍ഡീ - ഒരു തരം വൈറ്റ്‌ റം പോലെയുള്ള മദ്യം

5 comments:

ശ്രീ said...

നന്നായി എഴുതിയിരിക്കുന്നു.

:)

വേണു venu said...

കാല ചക്രം തന്നെ. കൊള്ളാം.:)
അക്ഷര തെറ്റുകള്‍‍ ശ്രദ്ധയില്‍ പെട്ടതു് .
പോയാവരുടെ,
ഓര്‍ഥതും,
നെതുവീര്‍പിടുകയും,
തിരുത്തുമല്ലോ.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

അങ്ങനെ മരുഭൂമികള്‍ മനസ്സുകളില്‍ പെരുകികൊണ്ടേയിരുന്നു. പുതുതായി പലരും മരുഭൂമികളെ സ്നേഹിക്കാനായി ഒഴുകികൊണ്ടുമിരുന്നു.

ഉപാസന | Upasana said...

നന്നായി കുര്യാക്കോസ്
:)
ഉപാസന

കരീം മാഷ്‌ said...

പിറ്റേന്നും മരുഭൂമി പുഞ്ചിരിച്ചു ..അപ്പൂക്കിളിയുടെ ചിരിപോലെ.
നാലുകെട്ടീല്‍ നിന്ന് ഗോവിന്ദന്‍കുട്ടി പിന്നെയും കൊറൊളാ കാറില്‍ കേറി ഓഫ്ഫീസില്‍ പോയി
നൊസ്റ്റാള്‍ജിയയെ തൊട്ടുണര്‍ത്തിയ പോസ്റ്റ്‌.

നന്ദി

എല്ലാം ഓര്‍മ്മക്കായി..

കഴിഞ്ഞു പോയ നാളുകളും പൊഴിഞ്ഞു പോയ ഇലകളും, പിന്നെ പെറുക്കി വച്ച മയില്‍പീലിത്തുണ്ടുകളും ഒപ്പം ചേര്‍ത്തു വച്ച കണ്ണുനീര്‍ തുള്ളികളും, കൂടാതെ എവിടെയോ ചിരി ചിരിച്ചു കരഞ്ഞതുമെല്ലാം ...