Friday, March 17, 2023

വാക്കുകൾ

 


"വാക്കുകൾ വെള്ളം പോലെയാണ് .. അല്ല വാക്കും വെള്ളവും ഒന്നാണ് "

വാക്കുകൾക്കു ഒരാളെ തളർത്താൻ കഴിയും..

വാക്കുകൾക്ക് ഒരാളുടെ പ്രതീക്ഷയെ തല്ലിത്തകർക്കാൻ കഴിയും..

വാക്കുകൾക്ക് ഒരാളെ പ്രത്യാശയില്ലാത്ത ആഴക്കടലിലേക്കു തള്ളിയിട്ടു കൊല്ലാൻ കഴിയും.  വെള്ളത്തിലകപ്പെട്ടു പൊലിഞ്ഞു പോയ ജീവിതം പോലെയാകാൻ .. കാരണം 

"വാക്കുകൾ വെള്ളം പോലെയാണ് .. അല്ല, വാക്കും വെള്ളവും ഒന്നാണ്"

പക്ഷെ വാക്കുകൾക്കു ജീവൻ നല്കാൻ കഴിയും ..
പ്രതീക്ഷ നഷ്ടപ്പെട്ടു സ്വയം തകർന്നു ജീവിതം കൈവിട്ടെന്ന് തോന്നിയനിമിഷങ്ങളിൽ ചിലരുടെ ചിലവാക്കുകൾ പ്രതീക്ഷയുടെയും പ്രത്യാശയുടെയും പൊൻകിരണങ്ങൾ നൽകി ജീവിതത്തിലേക്ക് നമ്മെ മടക്കിക്കൊണ്ടുവരാൻ കഴിയും ..
ചവുട്ടിനിൽക്കുന്ന മണ്ണ് കാൽക്കീഴിൽ നിന്നും ഒലിച്ചുപോകില്ലെന്നറിയുന്ന 
ആ നിമിഷം.. 
ജീവിതം തിരിച്ചുപിടിച്ചെന്നു തോന്നുന്നൊരാശ്വാസവും അത് നൽകുന്ന ഉടലാകെ നിറയുന്നൊരു  സമാധാനവുമാണ് ..കാരണം ..

"വാക്കുകൾ വെള്ളം പോലെയാണ് .. അല്ല വാക്കും വെള്ളവും ഒന്നാണ്"

ഇനി നോക്കിയിരുന്നിട്ടു കാര്യമില്ലെന്നു കരുതിയ നാളുകളിൽ ..
എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയ ആനിമിഷം എല്ലാം തീർന്നൊടുങ്ങിയെന്നു കരുതി തിരിച്ചു നടക്കാൻ തുടങ്ങുന്ന നിമിഷം പുറകിൽ നിന്നുള്ള കാത്തിരുന്ന വിളി .... 
ബോധം നഷ്ടപ്പെട്ട് നിന്നുപോയപോലെ ..
കണ്ണിൽനിന്ന് ഒഴുകിയിറങ്ങിയ നീർതുള്ളികൾ തുടക്കാൻ മറന്നു നിന്ന നിമിഷങ്ങൾ ..

"വാക്കുകൾ വെള്ളം പോലെയാണ് .. അല്ല വാക്കും വെള്ളവും ഒന്നാണ്" 

ഒരു നിമിഷത്തിന്റെ പതർച്ചയിൽ ജീവിതം ഒടുക്കാൻ തീരുമാനിച്ചുറപ്പിച്ചു നീങ്ങിയ നേരത്തു .. എവിടെനിന്നോ വന്നു ഹൃദയത്തിന്റെയുമ്മറത്തുകയറിയ സ്നേഹ സ്വാന്തനത്തിന്റെ വാക്കുകൾ കേട്ടു വിസ്മയിച്ചു നിന്ന നിമിഷങ്ങളിൽ ..
ജീവിക്കാൻ കൊതിതോന്നിത്തുടങ്ങിയ മനസ്സിന്റെ പ്രതീക്ഷകളിൽ ഹൃദയത്തുടിപ്പുകൾ ദ്രുഗതിയിലാവുമ്പോൾ അറിഞ്ഞു ...

വാക്കുകൾ വെള്ളം പോലെയാണ് .. അല്ല വാക്കും വെള്ളവും ഒന്നാണ് 
കാരണം ജീവന്റെ തുടിപ്പും ഒടുക്കവും അതിലടങ്ങിയിരിക്കുന്നു 

അപ്പോൾ വെള്ളത്തിലെഴുതിയ വാക്കുകൾ ?.. അവയെ ആർക്കും കാണാൻ കഴിയില്ല കാരണം ആരൊടും പറയാൻ കഴിയാത്തവാക്കുകൾ മാത്രമേ വെള്ളത്തിലെഴുതാറുള്ളൂ ..

എഴുതുമ്പോഴേ മറഞ്ഞു പോകുന്ന വാക്കുകൾ .. കാരണം 

വാക്കുകൾ വെള്ളം തന്നെ യാണ് .. അതെ വാക്കും വെള്ളവും ഒന്നാണ്

പറയാൻ കഴിയാതെ മനസ്സിന്റെ കോണിലെവിടെയോ കെട്ടിക്കിടന്ന വാക്കുകൾ ..
പറയാൻ മറന്നു പോയവാക്കുകൾ പറയാൻ കരുതി വെച്ചിട്ടും സാധിക്കാതെ പോയ വാക്കുകൾ.. അവയങ്ങിനെ ഒരു വീർപ്പുട്ടലായി മാറുമ്പോൾ കെട്ടിക്കിടന്നു നാറിയ വെള്ളം പോലെ അതങ്ങിനെ ദുർഗന്ധം വമിച്ചു സഹികെട്ടു ഓടിരക്ഷപെടണമെന്നു തോന്നുന്ന സമയം ..

മനസ്സ് പറഞ്ഞു  ...

വാക്കുകൾ വെള്ളം പോലെതന്നെയാണ് .. അല്ല വാക്കും വെള്ളവും ഒന്നാണ് .. 

ഒഴുകേണ്ടപ്പോൾ ഒഴുകി ..
ഉണങ്ങിവരണ്ട മണ്ണിനും, മനസ്സിനും കുളിർമയേകി.. 
ആശ്വാസമായിതീരാനുള്ള .. 
ആനന്ദമാകേണ്ട വാക്കുകളായി അവ പെയ്തിറങ്ങട്ടെ  കാരണം 

വാക്കും വെള്ളവും ഒന്നാണ് !   വിശ്വസിച്ചാലും ഇല്ലെങ്കിലും 

--

3 comments:

Anonymous said...

വാക്കും വെള്ളവും ഒന്ന് തന്നെ.. ഒഴുക്ക് ഉള്ളിടത്തോളം കാലം..

Anonymous said...

What a brilliant comparison of water and words, very insightful and skilled way of writing. Expecting more from you.

Preethy D'Souza said...

What a brilliant comparison of water and words, very insightful and skilled way of writing. Expecting more from you.

എല്ലാം ഓര്‍മ്മക്കായി..

കഴിഞ്ഞു പോയ നാളുകളും പൊഴിഞ്ഞു പോയ ഇലകളും, പിന്നെ പെറുക്കി വച്ച മയില്‍പീലിത്തുണ്ടുകളും ഒപ്പം ചേര്‍ത്തു വച്ച കണ്ണുനീര്‍ തുള്ളികളും, കൂടാതെ എവിടെയോ ചിരി ചിരിച്ചു കരഞ്ഞതുമെല്ലാം ...